04:32am 08 November 2026
NEWS
കേരളത്തിലെ ദേവസ്വം ബോർഡുകളും സംസ്ഥാന സർക്കാരും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ കണക്കുകൾ ഇതാ..

11/03/2025  05:22 PM IST
nila
കേരളത്തിലെ ദേവസ്വം ബോർഡുകളും സംസ്ഥാന സർക്കാരും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ കണക്കുകൾ ഇതാ..

തിരുവനന്തപുരം: 2016-17 കാലയളവ് മുതൽ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന സർക്കാർ നൽകിയ ധനസഹായത്തിന്റെ കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി വി എൻ വാസവൻ. ഈ കാലയളവിൽ കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകൾക്കായി അറുനൂറു കോടി എഴുപത് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ദേവസ്വത്തിനും നൽകിയ പണം എത്രയെന്ന കണക്കും മന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. 

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് ഉൾപ്പെടെയാണ് തുക അനുവദിച്ചിട്ടുള്ളത്. തിരുവിതാകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ളവയ്ക്ക് എത്ര തുക വീതം നൽകിയെന്നും മന്ത്രി വിശ​ദീകരിച്ചു. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി രൂപയാണ് സർക്കാർ നൽകിയത്. ഏറ്റവും കൂടുതൽ പണം അനുവദിച്ചത് മലബാർ ദേവസ്വം ബോർഡിനാണെന്നും കണക്കുകളിൽ വ്യക്തമാണ്. 

തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം  ബോർഡ്  26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി,  കൂടൽമാണിക്യം ദേവസ്വംത്തിന് 15 ലക്ഷം രൂപ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തിനായി നടപ്പുവർഷം 25.38 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത് (2024-25) ആയതിനാൽ 18.27 കോടി രൂപ നാല് ഗഡുക്കളായി അനുവദിച്ചുകഴിഞ്ഞു. മലബാർ ദേവസ്വം ബോർഡിന് (2024-25) നോൺ സാലറി ഇനത്തിൽ 11.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയർക്കും കോലധാരികൾക്കുമുള്ള പ്രതിമാസ ധനസഹായ പദ്ധതി പ്രകാരം നിലവിൽ 1544 ആചാരസ്ഥാനികർക്കും 368 കോലധാരികൾക്കും ധനസഹായം നൽകിവരുന്നുണ്ട്. 

പ്രതിമാസ ധനസഹായം 1400 രൂപയിൽ നിന്നും 1600 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2024 - 2025 സാമ്പത്തിക വർഷം ഇതിനായി 5.30 കോടി രൂപ വകയിരുത്തുകയും പ്രസ്തുത തുക പൂർണ്ണമായും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കുടിശ്ശിക ധനസഹായം അനുവദിക്കുന്നതിനായി 1.70 കോടി രൂപയുടെ പ്രൊപ്പോസൽ ധനവകുപ്പിന്റെ അംഗീകാരത്തിന് നൽകിയിട്ടുണ്ട്. കൂടാതെ ഈ പദ്ധതിയിൽ ഗുണഭോക്താക്കളായി ചേരുന്നതിന് പുതുതായി 559 അപേക്ഷകൾ കൂടി ലഭ്യമായത് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img